രാജസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. കോട്ട–ഉദയ്പൂർ ദേശീയപാതയിൽ ശംഭുപുര ഗ്രാമത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
രാജസ്ഥാനിലെ പ്രസിദ്ധമായ ഖാതു ശ്യാംജി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശികളായ ഒരു കുടുംബത്തിലെ 15 പേർ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഉഷാ ബായ്, സുശീല, കൈലാഷ്, സാന്‍വി, സജ്ജൻ, അനിത, ബാബുലാൽ, ജാഹ്നവി, മാധവി എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ആറുപേരെയും ആംബുലൻസുകളിൽ ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് സിറ്റി പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്.
ഒരേ കുടുംബത്തിലെ ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ അപകടം പ്രദേശത്ത് വലിയ ദുഃഖത്തിനിടയാക്കി. പരിക്കേറ്റവരുടെ ചികിത്സ തുടരുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.