പോളിയോ രോഗനിർമാർജന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടക്കും. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിലാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള 12,92,421 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പിൻ്റെ ലക്ഷ്യം.
ഇതിനായി സംസ്ഥാനത്തുടനീളം 13,453 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 26,906 സന്നദ്ധപ്രവർത്തകരെയാണ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി നിയോഗിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ-നഗര ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ബൂത്തുകൾ പ്രവർത്തിക്കുക.
യാത്രയ്ക്കിടയിലും കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലായി 373 ട്രാൻസിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. അതിഥിത്തൊഴിലാളി ക്യാംപുകൾ, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ 149 മൊബൈൽ ബൂത്തുകളും ഏഴ് ഉത്സവ-മേള ബൂത്തുകളും പ്രവർത്തിക്കും.
ഇന്ന് ബൂത്തുകളിൽ എത്തിക്കാൻ കഴിയാത്ത കുട്ടികൾക്ക് നവംബർ 23, 24 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരടക്കമുള്ളവരാണ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
പതിവ് പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഭാഗമായി പോളിയോ വാക്സിൻ സ്വീകരിച്ച കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ വീണ്ടും തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യവകുപ്പ് മാതാപിതാക്കളോട് അഭ്യർഥിച്ചിട്ടുണ്ട്. അഞ്ചുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അധിക പ്രതിരോധം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.