നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾ കണ്ടെത്താൻ മൈസൂരു ആർടിഒ ആരംഭിച്ച പത്ത് ദിവസത്തെ പ്രത്യേക പരിശോധനയിൽ ഇതുവരെ 120 വാഹനങ്ങളിൽനിന്നായി 1.5 ലക്ഷം രൂപ പിഴ ഈടാക്കി. പെർമിറ്റ് ലംഘനം, നികുതി കുടിശ്ശിക, അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ശബരിമല തീർഥാടന സീസണിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്. മൈസൂരു ആർടിഒയുടെ കീഴിൽ നാല് പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
മൈസൂരു കൊട്ടാരം, മൃഗശാല, ചാമുണ്ഡി ഹിൽസ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന തുടരും. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെ കേസെടുത്ത് പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.