പാലക്കാട് വടക്കഞ്ചേരി തങ്കം ജങ്ഷനിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ദേശീയപാതയോരത്തെ സർവീസ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻതന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

കണ്ണമ്പ്ര ഭാഗത്തുനിന്ന് സർവീസ് റോഡിലൂടെ ടൗൺ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽനിന്ന് എത്തിയ ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.

ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും ഇരുചക്രവാഹനത്തിലും ഇടിച്ചുകയറി. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Related Posts