യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി. കേസിലെ 19-ാം പ്രതി ശ്യാംജിത്തിനെയും കോടതി കുറ്റവിമുക്തനാക്കി. അതേസമയം, കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജു, 14-ാം പ്രതി രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹനൻ, 25-ാം പ്രതി വി.വി. മോഹനൻ, 27-ാം പ്രതി അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരടക്കമുള്ളവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
2012 ഫെബ്രുവരി 20ന് കണ്ണൂർ തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. തുടർന്ന് സിപിഎം പ്രവർത്തകർ ഷുക്കൂറിനെ തടങ്കലിൽവെച്ച് വിചാരണ നടത്തിയശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.
ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയെ തുടർന്നാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചു. പി. ജയരാജനും ടി.വി. രാജേഷും കേസിലെ 32, 33 പ്രതികളായിരുന്നു. ഇരുവർക്കുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
2025 മേയ് അഞ്ചിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. ഷുക്കൂർ കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ സക്കറിയയായിരുന്നു പ്രധാന സാക്ഷി. 238 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ 21 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
14 വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.