മലയാളം മിഷൻ്റെ കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഭാരവാഹികൾ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
മലയാളം മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദക സംഘം മന്ത്രിയോട് അഭ്യർത്ഥിച്ചു.
മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പഠനകേന്ദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പ്രസിഡണ്ട് ആർ. മുരളീധർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, കൺവീനർ അശോക് എം. എന്നിവർ നിവേദക സംഘത്തിൽ പങ്കെടുത്തു.