ബെംഗളൂരുവിൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 31കാരനായ സോഫ്റ്റ്വെയർ എൻജിനീയർക്ക് 5.47 ലക്ഷം രൂപ നഷ്ടമായി. അമേരിക്കൻ എക്സ്പ്രസ് (AMEX), ആർബിഎൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ഒരു മണിക്കൂറിനുള്ളിൽ നിരവധി അനധികൃത ഇടപാടുകൾ നടന്നതായി പരാതിയിൽ പറയുന്നു.
ഇന്ദിരാനഗർ സ്വദേശിയായ വ്യക്തിയുടെ എഎംഇഎക്സ് കാർഡിൽ നിന്ന് 4,02,722 രൂപയും ആർബിഎൽ ബാങ്ക് കാർഡിൽ നിന്ന് 1,44,558 രൂപയുമാണ് നഷ്ടമായത്. ഉച്ചയ്ക്ക് 12.56 മുതൽ രണ്ട് മണി വരെയുള്ള സമയത്തായിരുന്നു ഇടപാടുകൾ. ആകെ 5,47,280 രൂപ നഷ്ടപ്പെട്ടു.
താനോ കുടുംബാംഗങ്ങളോ കാർഡ് വിവരങ്ങളോ ഒടിപിയോ പിൻ നമ്പറോ മറ്റ് രഹസ്യ ബാങ്കിങ് വിവരങ്ങളോ ആരുമായും പങ്കുവെച്ചിട്ടില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സംശയാസ്പദമായ എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഇടപാടുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അനധികൃത ഇടപാടുകളെക്കുറിച്ചുള്ള സന്ദേശങ്ങൾ ലഭിച്ചതോടെയാണ് കുടുംബം തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ബാങ്കുകളുമായി ബന്ധപ്പെട്ട് കാർഡുകൾ ബ്ലോക്ക് ചെയ്തു. തുടർന്ന് ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930ൽ പരാതി നൽകിയ ശേഷം പൊലീസിനെയും സമീപിച്ചു.
സംഭവത്തിൽ ഈസ്റ്റ് സൈബർ ക്രൈം പൊലീസ് ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ 318-ാം വകുപ്പ് (വഞ്ചന) പ്രകാരവും കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.