ജനശതാബ്ദി എക്സ്പ്രസിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കെ.ഡി. ബാബു, ശ്രീരാജ് എന്നിവരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കസ്റ്റഡിയിലെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ട്രെയിനിലെ ഡി.എൽ 1 കോച്ചിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ ഇരിക്കുകയായിരുന്നു ഇരുവരും. സംശയം തോന്നിയതിനെ തുടർന്ന് ടിടിഇ ടിൻസൺ തോമസ് ഇവരോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ ഇരുവരും ടിടിഇയെ പുറത്തേക്ക് തള്ളിയിടാനും ട്രെയിനിൻ്റെ വാതിൽ അകത്തുനിന്ന് ബലമായി അടയ്ക്കാനും ശ്രമിക്കുകയായിരുന്നു.
അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. വാതിലിൽ പിടിച്ച് തൂങ്ങിക്കിടന്നതിനാൽ മാത്രമാണ് ടിൻസൺ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ടിടിഇയുടെ നിലവിളിയും വാതിലിൽ തൂങ്ങിക്കിടക്കുന്ന കാഴ്ചയും ശ്രദ്ധയിൽപ്പെട്ട ട്രെയിൻ മാനേജർ ഉടൻ എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തി. സംഭവത്തിൽ ടിൻസൺ തോമസ് ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകി.