തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
12 പ്രതികളുള്ള കേസിൽ രണ്ടാം പ്രതിയായ വെല്ലി നാരായണൻ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ഇയാൾ നിലവിൽ ഒളിവിലാണ്. വിചാരണ നേരിട്ട മറ്റ് 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2008 ഒക്ടോബർ 17ന് പുലർച്ചെ 5.50ഓടെയായിരുന്നു കേസിനാസ്പദമായ കൊലപാതകം. മണ്ണന്തല കോട്ടമുകൾ സ്വദേശിയായ രഞ്ജിത്ത്, സ്വന്തം ഉടമസ്ഥതയിലുള്ള വിനായക ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് എന്ന കടയിൽ നിൽക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. രണ്ട് കാറുകളിലും ബൈക്കിലുമായി എത്തിയ സംഘം രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2008 ഏപ്രിൽ ഒന്നിന് കൈതമുക്കിലെ പാസ്പോർട്ട് ഓഫീസിന് മുന്നിൽ സിപിഎം പ്രവർത്തകനായ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമാണ് രഞ്ജിത്തിൻ്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വിഷ്ണു വധക്കേസിൽ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്ത്. എന്നാൽ, ആ കേസിൽ രഞ്ജിത്ത് ഉൾപ്പെടെ 13 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.