കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറോടെ നടക്കാനിറങ്ങിയവരാണ് കടൽത്തീരത്ത് മൃതദേഹം ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു.
ബീച്ചിലൂടെ നടക്കുന്നതിനിടെ ആദ്യം ഒരു കളിപ്പാട്ടമാണ് കിടക്കുന്നതെന്നാണ് ആളുകൾ കരുതിയത്. എന്നാൽ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
സുരക്ഷാ ജീവനക്കാരുടെ വിവരത്തെത്തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.