കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ കലോത്സവം-2026, കർണാടക സംസ്ഥാന യുവജനോത്സവം-2026 എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങായ വിജയോത്സവം ഇന്ദിരാ നഗർ കെ.എൻ.ഇ. ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്നു. വിജയികളെയും മത്സരാർത്ഥികളെയും ആദരിക്കാനായി കേരള സമാജം ആദ്യമായി സംഘടിപ്പിച്ച പരിപാടി ലഹർ സിംഗ് സിറോയ എം പി (രാജ്യസഭാംഗം) ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു.

കേരള സമാജം ഐ എ എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മീഷണറുമായ പി ഗോപകുമാർ ഐ ആർ എസ് വിശിഷ്ടാതിഥിയായിരുന്നു. സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സാംസ്കാരിക വിഭാഗം സെക്രട്ടറി മുരളീധരൻ വി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥ്, വനിതാ വിഭാഗം ചെയർപേർസൺ സുധ വിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.

കർണാടക സംസ്ഥാന യുവജനോത്സവത്തിലെ കലാതിലകങ്ങളായ അദ്വിക ശ്രീവാസ്തവ, സ്മൃതി കൃഷ്ണ കുമാർ, രുദ്ര നായർ എന്നിവരെ പ്രത്യേകം ആദരിച്ചു. ഇരു മത്സരങ്ങളിലെയും വിജയികൾക്ക് സ്മരണികകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സീനിയർ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

നൃത്തം, സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന സാംസ്കാരിക സായാഹ്നം നടന്നു
മത്സരാർത്ഥികളും വിജയികളും സമാജം അംഗങ്ങളും അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ ആഘോഷം എല്ലാവർക്കും ഒരു വേറിട്ട അനുഭവമായി. അത്താഴസദ്യയും നടന്നു.

Related Posts