ആഗോള സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരെയും നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളെയും ഒരുമിപ്പിക്കുന്ന 29-ാമത് ബെംഗളൂരു ടെക് സമ്മിറ്റിന് ഇന്ന് (നവംബർ 17) തുടക്കമാകും. ബെംഗളൂരുവിലെ ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (ബിഐഇസി) മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ‘എഐ ആൻഡ് ബിയോണ്ട്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡീപ് ടെക്, സെമികണ്ടക്ടർ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലെ നൂതന മുന്നേറ്റങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ.

കർണാടക സർക്കാരിൻ്റെ ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി വകുപ്പിൻ്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 75ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ, 700ലധികം പ്രഭാഷകർ, 1,800ലേറെ പ്രദർശകർ, 1,000ലധികം സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 25,000 പ്രതിനിധികളും 60,000 ബിസിനസ് സന്ദർശകരും എത്തുമെന്നാണ് കണക്കുകൂട്ടൽ.
ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് 50,000 ചതുരശ്രയടി വിസ്തൃതിയിൽ ഒരുക്കുന്ന എഐ ആൻഡ് റോബോട്ടിക്സ് പവിലിയനാണ്. 101ലധികം സ്റ്റാർട്ടപ്പുകൾ ഇവിടെ തങ്ങളുടെ സാങ്കേതികവിദ്യകൾ അവതരിപ്പിക്കും. ഹ്യൂമനോയിഡ് റോബോട്ടുകൾ, ഡ്രോണുകൾ, സ്വയം നിയന്ത്രിത സംവിധാനങ്ങൾ, വ്യാവസായിക റോബോട്ടുകൾ എന്നിവയുടെ തത്സമയ പ്രദർശനങ്ങളും ഉണ്ടാകും.

നൊബേൽ ജേതാക്കളും ആഗോള ടെക് കമ്പനികളുടെ മേധാവികളും സംരംഭകരും സമ്മേളനത്തിൽ പങ്കെടുക്കും. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ, മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡണ്ട് പുനീത് ചന്ദോക് തുടങ്ങിയവർ പ്രഭാഷകരുടെ പട്ടികയിലുണ്ട്. നൊബേൽ ജേതാക്കളായ വെങ്കി രാമകൃഷ്ണൻ, ഇമ്മാനുവൽ ഷാർപെന്റിയർ എന്നിവരും പങ്കെടുക്കും.

പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക അവസരമൊരുക്കും. നിക്ഷേപക സംഗമങ്ങൾ, മെന്റർ-മെന്റി പരിപാടികൾ, ഉൽപന്നങ്ങളുടെ അവതരണം, ബിസിനസ് ചർച്ചകൾ എന്നിവയും നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും.

നവംബർ 19ന് നടക്കുന്ന ഫ്യൂച്ചർ മേക്കേഴ്സ് കോൺക്ലേവിൽ സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ സാധ്യതകളും ഡീപ് ടെക് വികസനവും ചർച്ച ചെയ്യും. കർണാടക സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് പദ്ധതിയായ ‘എലിവേറ്റ്’ പത്തുവർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള പരിപാടികളും ഇതിൻ്റെ ഭാഗമായുണ്ടാകും.

നിർമിതബുദ്ധി, സെമികണ്ടക്ടർ, ആരോഗ്യസാങ്കേതികവിദ്യ, ബയോടെക്നോളജി, ഇലക്ട്രിക് വാഹനങ്ങൾ, സൈബർ സുരക്ഷ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ നടക്കും. ഇന്ത്യ-യുഎസ് സാങ്കേതികവിദ്യാ സഹകരണം സംബന്ധിച്ച പ്രത്യേക സംഗമവും നവംബർ 18ന് സംഘടിപ്പിക്കും.

നവംബർ 17 മുതൽ 19 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സമ്മേളനം. തുംകൂർ റോഡിലെ മദാവരയിലുള്ള ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് വേദി.

Related Posts