ശുദ്ധവായു സർവേക്ഷനിൽ മികച്ച വായുനിലവാരമുള്ള വാർഡുകളുടെ പട്ടികയിൽ ഇടംനേടി ബെംഗളൂരുവിലെ കോറമംഗല. എന്നാൽ പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ബെംഗളൂരുവിന് ഇത്തവണയും മികച്ച മുന്നേറ്റം നടത്താനായില്ല. 32-ാം സ്ഥാനത്താണ് നഗരം.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2022ൽ ആരംഭിച്ച സ്വച്ഛ് വായു സർവേക്ഷനിൽ 2023 മുതൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായി നഗരങ്ങൾക്ക് റാങ്കിങ് നൽകുന്നുണ്ട്. 2023ൽ 25-ാം സ്ഥാനത്തായിരുന്ന ബെംഗളൂരു 2024ൽ 28-ലേക്കും 2025ൽ 36-ലേക്കും പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ നേരിയ പുരോഗതിയോടെയാണ് 32-ാം സ്ഥാനത്തെത്തിയത്.

ഈ വർഷം ആദ്യമായി വാർഡ് അടിസ്ഥാനത്തിലുള്ള റാങ്കിങ്ങും ഏർപ്പെടുത്തി. രാജ്യത്തെ 7,400ലധികം വാർഡുകളിലാണ് പരിശോധന നടത്തിയത്. കർണാടകയിൽ 30,000ത്തിലധികം ജനസംഖ്യയുള്ള വാർഡുകളുടെ വിഭാഗത്തിലാണ് കോറമംഗലയ്ക്ക് അംഗീകാരം ലഭിച്ചത്. ദാവൻഗരെയിലെ 36, 7 വാർഡുകളും മറ്റ് ജനസംഖ്യാ വിഭാഗങ്ങളിൽ പട്ടികയിൽ ഇടംനേടി.

റോഡ് ശുചീകരണം, മാലിന്യസംസ്കരണം, ഹരിതമേഖല വികസനം, ഗതാഗത നിയന്ത്രണം, വ്യവസായങ്ങളിൽ ശുദ്ധ ഇന്ധനങ്ങളുടെ ഉപയോഗം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.

Related Posts