മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനാകും. 36 ദിവസത്തെ തടങ്കലിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് പത്ത് ദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സുഹൈലിൻ്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

നേരത്തെ മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. സുഹൈലിൻ്റെ മോചനവും കോടതി പിന്നീട് അനുവദിക്കുകയായിരുന്നു.

അതേസമയം, മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സുഹൈലിനെതിരായ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

ഒക്ടോബർ 11ന് പുലർച്ചെ 1.45ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ അപകടമുണ്ടായത്. സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് മൂന്ന് പേർ മരിച്ചത്.

വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ തൽക്ഷണം മരിച്ചത്.

വാഹനമോടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.

Related Posts