നഗരത്തെ നടുക്കിയ ചാലയിലെ വൈഷ്ണവി ജ്വല്ലറി സ്വർണക്കവർച്ചക്കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് പിടികൂടി. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണത്തിൻ്റെ ഒരു ഭാഗവും കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടതായും വിവരമുണ്ട്. പിടിയിലായവരിൽ നാലുപേർ കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരും രണ്ടുപേർ ഗൂഢാലോചനയിൽ പങ്കാളികളായവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കവർച്ചയ്ക്കുശേഷം കർണാടകയിലേക്ക് കടന്ന പ്രതികളെ പിന്തുടർന്ന പൊലീസ് സംഘം ഇവരെ വയനാട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. ഡാൻസാഫ് ഉൾപ്പെടെയുള്ള പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കഴിഞ്ഞ ദിവസമാണ് ബൈക്കിലെത്തിയ സംഘം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്നത്. ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ കൈവശമുണ്ടായിരുന്ന സ്വർണം അടങ്ങിയ ബാഗാണ് സംഘം തട്ടിയെടുത്തത്. രണ്ടു കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് ഉടമകൾ പൊലീസിനോട് അറിയിച്ചത്. എന്നാൽ മാധ്യമങ്ങളോട് 15 പവൻ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞിരുന്നു. സ്വർണത്തിൻ്റെ അളവിൽ ഉണ്ടായ ഈ വ്യത്യാസവും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

രാത്രി പത്തുമണിക്ക് ശേഷം ജ്വല്ലറി അടച്ച നന്ദകുമാർ സ്വർണമടങ്ങിയ ബാഗുമായി പിൻവാതിലിലൂടെയാണ് പുറത്തിറങ്ങിയത്. ബാഗ് ശരീരത്തിൽ തൂക്കിയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം കവർച്ച നടത്തിയത്. തുടർന്ന് നന്ദകുമാർ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

പഴയ സ്വർണം വാങ്ങി ആഭരണങ്ങൾ നിർമിച്ച് വിൽപ്പന നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ പത്ത് വർഷത്തിലേറെയായി ചാലയിൽ ജ്വല്ലറി നടത്തിവരികയാണ്.

സംഭവമറിഞ്ഞ ഉടൻ പൊലീസ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ജ്വല്ലറിയിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.

പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘത്തിനാണ് ആദ്യം കവർച്ച സംബന്ധിച്ച വിവരം ലഭിച്ചത്. എന്നാൽ പ്രതികൾ സഞ്ചരിച്ച വഴിയെക്കുറിച്ച് ലഭിച്ച സൂചന തെറ്റായതിനാൽ അന്വേഷണം തുടക്കത്തിൽ വഴിതെറ്റി. കവർച്ചാസംഘമാണെന്ന് സംശയിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയ സംഭവവുമുണ്ടായി.

അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ചിലരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ കർണാടക കടന്ന് വയനാട്ടിലെത്തിയ സംഘത്തെ പിന്തുടർന്ന് പിടികൂടിയതോടെ കേസിൽ നിർണായക പുരോഗതിയുണ്ടായിരിക്കുകയാണ്. കവർച്ചയുടെ ആസൂത്രണം, മോഷ്ടിച്ച സ്വർണത്തിൻ്റെ ബാക്കി കണ്ടെത്തൽ, രക്ഷപ്പെട്ടയാളെ പിടികൂടൽ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Related Posts