ദക്ഷിണ ബെംഗളൂരുവിലെ ഹുളിമാവ് തടാകത്തിൽ പുതപ്പുകളിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35നും 40നും ഇടയിൽ പ്രായമുള്ളയാളുടെ അഴുകിയ മൃതദേഹമാണ് വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാവിലെ തടാകത്തിന് സമീപം നടക്കാനിറങ്ങിയവരാണ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ മൃതദേഹം കണ്ടെത്തിയത്. രണ്ട് പുതപ്പുകളും ഒരു ബെഡ്ഷീറ്റും ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞ നിലയിലായിരുന്നു. തലയുടെ ഭാഗം ചുവന്ന നിറത്തിലുള്ള ദുപ്പട്ട ഉപയോഗിച്ചും മറച്ചിരുന്നു.

മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിൻ്റെ ഇടതുകൈയിൽ വാച്ചും വലതുകൈയിൽ ഗിറ്റാർ രൂപത്തിലുള്ള ടാറ്റൂവും കണ്ടെത്തി. ഇവ കേന്ദ്രീകരിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മൃതശരീരം തടാകത്തിൽ എത്തിച്ച് ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി ഹുളിമാവ് പൊലീസ് അന്വേഷണം ഊർജിതമാക്കി. തടാകത്തിലേക്കുള്ള നാല് പ്രവേശന കവാടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം കൊണ്ടുവന്ന വാഹനങ്ങൾ, സംശയാസ്പദമായ വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.

മരണപ്പെട്ടയാളുടെ വ്യക്തിത്വം, കൊലപാതകത്തിന് പിന്നിലെ കാരണം, മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ച സമയം എന്നിവ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ കൂടുതൽ ഫോറൻസിക് പരിശോധനകളും അന്വേഷണവും തുടരുകയാണ്.

Related Posts