യശ്വന്തപുര–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിൻ്റെ(26655) ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. നാളെ സർവീസ് തുടങ്ങുന്ന ട്രെയിനിൽ ബെംഗളൂരുവിൽ നിന്ന് മഡ്ഗാവിലേക്ക് എസി ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 2,200 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 3,865 രൂപയുമാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് മംഗളൂരു ജംക്ഷനിലേക്ക് യഥാക്രമം 1,315 രൂപയും 2,305 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മഡ്ഗാവിൽ നിന്ന് യശ്വന്തപുരയിലേക്കുള്ള മടക്ക സർവീസിലും നിരക്കിൽ മാറ്റമില്ല. എന്നാൽ മംഗളൂരു ജംക്ഷനിൽ നിന്ന് യശ്വന്തപുരയിലേക്കുള്ള യാത്രയ്ക്ക് ചെയർകാറിൽ 1,480 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2,500 രൂപയുമാണ് നിരക്ക്.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7.35ന് യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് 3.05ന് മംഗളൂരു ജംക്ഷനിലും രാത്രി 8.55ന് മഡ്ഗാവിലും എത്തും. 844 കിലോമീറ്റർ ദൂരം 13 മണിക്കൂർ 20 മിനിറ്റുകൊണ്ട് പിന്നിടുന്ന സർവീസ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് ചെയർകാർ സർവീസുകളിലൊന്നാണ്.
ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് ഏഴര മണിക്കൂറാണ് വേണ്ടിവരുന്നത്. മടക്ക ട്രെയിനായ മഡ്ഗാവ്–മംഗളൂരു–യശ്വന്തപുര വന്ദേഭാരത് (26656) രാവിലെ 8.20ന് പുറപ്പെട്ട് രാത്രി 9.15ന് യശ്വന്തപുരയിലെത്തും. 12 മണിക്കൂർ 55 മിനിറ്റാണ് യാത്രാസമയം. 16 കോച്ചുകളുള്ള ട്രെയിനിൽ 1,128 പേർക്ക് യാത്ര ചെയ്യാം.
വന്ദേഭാരത് സർവീസിനൊപ്പം വിവിധ റെയിൽവേ വികസന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചാമരാജ്നഗർ, ചിക്കമഗളൂരു, സകലേശ്പുര, സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. സകലേശ്പുര–സുബ്രഹ്മണ്യ റോഡ് പാതയുടെ വൈദ്യുതീകരണം, ബാഗൽകോട്ട്–വണ്ടാൽ ഇരട്ടപ്പാത എന്നിവയും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.