യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടുവർഷത്തോളം ജയിലിൽ കഴിഞ്ഞ യുവാവിന് മുന്നിൽ അപ്രതീക്ഷിത വഴിത്തിരിവ്. കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ആറു വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതോടെ കൊലപാതകക്കേസ് പുതിയ വഴിത്തിരിവിലെത്തി. മണ്ഡ്യ ജില്ലയിലെ പാണ്ഡവപുര ഗ്രാമത്തിലാണ് സംഭവം.
എൻ. മഞ്ജു (35) എന്ന യുവതിയാണ് വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തിയത്. 2019 ജൂണിലാണ് സംഭവങ്ങളുടെ തുടക്കം. ശ്രീരംഗപട്ടണ സ്വദേശിയായ മഞ്ചുനാഥുമായുള്ള മഞ്ജുവിൻ്റെ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇതിനിടെ ചാമരാജനഗർ സ്വദേശിയായ കാമുകൻ നാഗേന്ദ്രയ്ക്കൊപ്പം യുവതി നാടുവിട്ടു. ഇരുവരും ചെന്നൈയിലെത്തി ജോലി ചെയ്ത് താമസമാരംഭിച്ചു.
മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നാഗരാജു പാണ്ഡവപുര പൊലീസിൽ പരാതി നൽകി. രണ്ടുവർഷമായിട്ടും മകളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ 2021 ഓഗസ്റ്റിൽ ബന്ധുവായ രാജേഷ് മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചു. മഞ്ജുവിനെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തു.
മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് രാജേഷ് യുവതിയെ കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. എന്നാൽ മഞ്ജുവിൻ്റെ മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ രണ്ടുവർഷത്തിനുശേഷം രാജേഷിന് ജാമ്യം ലഭിച്ചു. അതിനിടെ, മാസങ്ങൾക്കുമുൻപ് മഞ്ജു പാണ്ഡവപുരയിലെ മായിഗൊനഹള്ളിയിൽ താമസത്തിനെത്തി. പ്രദേശവാസികളിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാജേഷും പിതാവ് രമേശും നടത്തിയ അന്വേഷണത്തിലാണ് മഞ്ജു ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
രാജേഷുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കൊലപാതകക്കേസിനെക്കുറിച്ച് അറിയില്ലെന്നുമാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. തുടർന്ന് യുവതിയെ നാഗമംഗലയിലെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വർഷങ്ങളായി കൊലപാതകക്കേസായി നിലനിന്ന സംഭവം യുവതി തിരിച്ചെത്തിയതോടെ പുതിയ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.