നമ്മ മെട്രോ പദ്ധതിയുടെ അംഗീകൃത ചെലവിൻ്റെ 83.8 ശതമാനവും കർണാടക സർക്കാരാണ് വഹിക്കുന്നതെന്നും കേന്ദ്രത്തിൻ്റെ വിഹിതം 16.2 ശതമാനം മാത്രമാണെന്നുമുള്ള സംസ്ഥാന സർക്കാരിൻ്റെ വാദം തള്ളി ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ. മെട്രോയുടെ ഒന്നുമുതൽ മൂന്നുവരെയുള്ള ഘട്ടങ്ങളുടെ അംഗീകൃത ധനസഹായ പദ്ധതി പ്രകാരം കേന്ദ്രത്തിൻ്റെ വിഹിതം 53.35 ശതമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി ഉയർത്തിപ്പണിത പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പ് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് തേജസ്വി സൂര്യ കണക്കുകൾ പുറത്തുവിട്ടത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ്റെ (ബി.എം.ആർ.സി.എൽ) അംഗീകൃത ധനസഹായ പദ്ധതി പ്രകാരം ഒന്നുമുതൽ മൂന്നുവരെയുള്ള ഘട്ടങ്ങളുടെ ആകെ ചെലവ് 77,891 കോടി രൂപയാണ്. ഇതിൽ കേന്ദ്രസർക്കാരിൻ്റെ വിഹിതം 41,558 കോടി രൂപയാണെന്നും ഇത് മൊത്തം തുകയുടെ 53.35 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാരിൻ്റെ വിഹിതം 36,333 കോടി രൂപയാണ്. അതായത് 46.65 ശതമാനം.

ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സംഭാവന 65,291 കോടി രൂപയാണെന്നും ഇത് 83.8 ശതമാനം വരുമെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് തേജസ്വി സൂര്യയുടെ പ്രതികരണം. കേന്ദ്രം 12,600 കോടി രൂപ മാത്രമാണ് നൽകിയതെന്നും ഇത് 16.2 ശതമാനമാണെന്നുമായിരുന്നു മന്ത്രിയുടെ വാദം.

സംസ്ഥാന സർക്കാരിൻ്റെ കണക്കുകളെ തള്ളിയ തേജസ്വി സൂര്യ, മെട്രോ പദ്ധതിയുടെ അംഗീകൃത ധനസഹായ രേഖകളിലെ കണക്കുകളാണ് തൻ്റെ വാദത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയത്. മെട്രോ പദ്ധതിയുടെ ചെലവിൽ കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും പങ്കിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിനും ഇതോടെ പുതിയ മാനം കൈവന്നു.

Related Posts