യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്കാരത്തിന് നടൻ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. കലാരംഗത്തെ മികവിനൊപ്പം സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കായി മമ്മൂട്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഇടപെടലുകളും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സമിതിയംഗങ്ങൾ അറിയിച്ചു.
അഭിനയരംഗത്തെ നേട്ടങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് നൽകുന്ന സംഭാവനകളെ ആദരിക്കുന്നതാണ് പുരസ്കാരമെന്നും സമിതി വ്യക്തമാക്കി.