വടക്കേക്കാട് മണികണ്ഠേശ്വരത്ത് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. കല്ലിങ്ങൽ മേലെപുര വീട്ടിൽ പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായിദീപ് (9), സ്വാതിക് (7) എന്നിവരാണ് മരിച്ചത്.

തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു സായിദീപ്. സ്വാതിക് ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. സ്കൂൾ വിട്ടെത്തിയ കുട്ടികൾ വീടിനടുത്ത് ഇരിക്കുകയായിരുന്നു.

വൈകിട്ട് 5.30ഓടെ ജോലി കഴിഞ്ഞെത്തിയ പ്രദീപ് പുറത്തേക്കുപോകുന്നതിനിടെ കുട്ടികളോട് ക്ഷേത്രക്കുളത്തിൻ്റെ ഭാഗത്തേക്ക് പോകരുതെന്ന് പ്രത്യേകം നിർദേശിച്ചിരുന്നു. എന്നാൽ അരമണിക്കൂറോളം കഴിഞ്ഞിട്ടും കുട്ടികളുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് അമ്മ സജിത അന്വേഷിച്ചിറങ്ങി. തുടർന്നുള്ള പരിശോധനയിൽ കുട്ടികളെ വീട്ടിൽ കണ്ടെത്താനായില്ല.

പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ക്ഷേത്രക്കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ പുന്നയൂർക്കുളത്തെ ശാന്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് സ്വദേശിയായ പ്രദീപ്, വടക്കേക്കാട് കല്ലിങ്ങൽ സ്വദേശിനിയായ സജിതയെ വിവാഹം കഴിച്ചശേഷം ക്ഷേത്രക്കുളത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എൻ.കെ. അക്ബർ എം.എൽ.എ താലൂക്ക് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.

Related Posts