കർണാടകയിൽ പെട്രോളിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തി വിൽക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (BPCL) എക്സ് പോസ്റ്റ് വിവാദത്തിൽ.
പെട്രോളിലെ എഥനോൾ അളവ് നിശ്ചിത പരിധിയായ 20 ശതമാനത്തിൽ കൂടുതലല്ലെന്ന് വ്യക്തമാക്കുന്നതിനായി പരിശോധനാ ഫലങ്ങളടങ്ങിയ ചിത്രങ്ങളാണ് കമ്പനി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ ഈ ചിത്രങ്ങളിൽ എഥനോളിൻ്റെ അളവ് ഏകദേശം 33 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വലിയ വിമർശനമാണ് ഉയർന്നത്.
കേന്ദ്ര സർക്കാരിൻ്റെ വിശദീകരണത്തിന് പിന്നാലെ ആരോപണങ്ങൾ തള്ളിക്കളയുന്നതിനും കമ്പനിയുടെ നിലപാട് വ്യക്തമാക്കുന്നതിനുമാണ് BPCL പരിശോധനാ ഫലങ്ങൾ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ കമ്പനിയുടെ വിശദീകരണത്തിന് വിപരീതമായ സൂചനകൾ ചിത്രങ്ങളിൽ നിന്ന് ലഭിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായി. ഇതിനു പിന്നാലെ BPCL വിവാദമായ എക്സ് പോസ്റ്റ് നീക്കം ചെയ്തു.
പോസ്റ്റ് പിൻവലിച്ചെങ്കിലും അതിൻ്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.