ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കനത്ത തിരിച്ചടി. വനിതാ വിഭാഗത്തിൽ നടന്ന മത്സരത്തിൽ മൂന്ന് വോട്ടുകളുടെ വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തായ ഉഷയ്ക്ക് ജനറൽ കൗൺസിലിൽ ഇടം നേടാനായില്ല.
ആറ് പേർ മത്സരിച്ച വനിതാ വിഭാഗത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയവർക്കാണ് ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ അവസരം ലഭിച്ചത്. മലയാളി താരം അഞ്ജു ബോബി ജോർജ്, ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ, ഹോക്കി താരം റാണി രാംപാൽ, അമ്പെയ്ത്ത് താരം ഡോള ബാനർജി എന്നിവരാണ് വിജയികളായത്. ഏറ്റവും കൂടുതൽ വോട്ടുകൾ സ്വന്തമാക്കിയ അഞ്ജു ബോബി ജോർജാണ് പട്ടികയിൽ ഒന്നാമതെത്തിയത്.
ഈ ഫലത്തോടെ ഐഒഎ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പി.ടി. ഉഷയുടെ സാധ്യതകൾക്കും തിരിച്ചടിയേറ്റു. എസ്ഒഎം വിഭാഗത്തിൽ നിന്ന് ജനറൽ കൗൺസിലിലേക്ക് എത്താൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്.
എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത പൂർണമായും അവസാനിച്ചിട്ടില്ല. ഏതെങ്കിലും ദേശീയ കായിക സംഘടനയുടെ പ്രതിനിധിയായി നാമനിർദേശം ലഭിച്ചാൽ ഉഷയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകും.