കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. മരുന്ന് വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് 1,364 കാൻസർ മരുന്നുകളുടെ പുതുക്കിയ വില നിലവിൽ വന്നത്. വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ (NPPA) 137 കാൻസർ മരുന്നുകൾക്കാണ് ലാഭവിഹിതത്തിന് പരിധി നിശ്ചയിച്ചത്. ഇതിൻ്റെ ഭാഗമായി വിവിധ ഔഷധ നിർമാണ കമ്പനികളുടെ ബ്രാൻഡഡ് മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്. ചില മരുന്നുകൾക്ക് 50 ശതമാനത്തിലധികം വിലക്കുറവ് ലഭിക്കും.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന NPPAയാണ് വില നിയന്ത്രണം നടപ്പാക്കിയത്.

കാൻസർ ചികിത്സയ്ക്കായി രോഗികൾക്കും കുടുംബങ്ങൾക്കും നേരിടേണ്ടിവരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം.

നവംബർ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം 85 ഔഷധ നിർമാണ കമ്പനികൾ 121 മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വിൽപന വില (MRP) റിപ്പോർട്ട് ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ 679 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ വില നിയന്ത്രണം നിലവിൽ വരുന്നതോടെ കാൻസർ ചികിത്സയ്ക്കായി ദീർഘകാലം മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്ന രോഗികൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts