ബെംഗളൂരുവിലെ നിയമന ക്രമക്കേട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (കെപിഎസ്സി) നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ പരീക്ഷകൾ നടത്തരുതെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം.
എസ്ഐടിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കുന്ന കേസുകൾ കെപിഎസ്സിയുടെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി. ഉദ്യോഗാർഥികൾ നിയമന ക്രമക്കേടിൽ പ്രതിഷേധിച്ച് ഫ്രീഡം പാർക്കിൽ സമരം നടത്തുന്നതിനിടെ പരീക്ഷ നടത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 15ന് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെഎഎസ്) 319 ഗസറ്റഡ് പ്രൊബേഷണർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ നടക്കാനിരിക്കെയാണ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.