സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു മരണം. ബംഗളൂരു നഗരത്തിന് സമീപമാണ് ദാരുണ സംഭവം. ബാംഗ്ലൂരിൻ്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കൽ താലൂക്കിലെ മല്ലേനഹള്ളിയിലാണ് സംഭവം. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ നടത്തിയിരുന്ന ചിട്ടി ബിസിനസിലെ തകർച്ചയാണ് കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബംഗളൂരു പൊലീസ് പറയുന്നു.

തൻ്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവൻ്റെയും കഴുത്തറുത്ത ശേഷം മോഹൻ ഗൗഡ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ കുടുംബം ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ വീട്ടിലെത്തിയെങ്കിലും മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിൻവാതിലിലൂടെ അകത്തുകടന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നാലുപേരെയും കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ദീപാവലിക്ക് പടക്കക്കച്ചവടവുമായി ബന്ധപ്പെട്ട ചിട്ടിയും ഇയാൾ നടത്തിവരികയായിരുന്നു. കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ഒരുമിച്ച് ജീവനൊടുക്കാൻ കുടുംബം തീരുമാനിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Posts