ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ (ഐഒഎ) ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വനിതാ താരങ്ങൾ തമ്മിൽ ശക്തമായ മത്സരം. നിലവിലെ അധ്യക്ഷയും മലയാളിയുമായ പി.ടി.ഉഷയ്ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. മലയാളി താരം അഞ്ജു ബോബി ജോർജ്, മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ എന്നിവരടക്കം ആറ് പ്രമുഖ താരങ്ങളാണ് വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത്.
സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലാണ് മത്സരം. ഈ വിഭാഗത്തിൽ വിജയിച്ചാൽ മാത്രമേ പി.ടി.ഉഷയ്ക്ക് വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനാകൂ. ആറ് സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന നാല് പേരെയാണ് ഐഒഎ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കുക. മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, ഡോള ബാനർജി, അനിത പോൾ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. നവംബർ ഒമ്പതിനാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.
ഡിസംബർ അഞ്ചിനാണ് ഐഒഎയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന തിരഞ്ഞെടുപ്പ്. ഇതിൻ്റെ മുന്നോടിയായി എസ്ഒഎം വിഭാഗത്തിൽനിന്ന് എട്ട് പ്രതിനിധികളെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കും. 80 അംഗങ്ങളുള്ള പാനലിലെ വോട്ടർമാരാണ് നാല് പുരുഷന്മാരെയും നാല് വനിതകളെയും തിരഞ്ഞെടുക്കുന്നത്.
ജനറൽ കൗൺസിലിലെത്തുന്ന എട്ട് പേരിൽനിന്ന് ഒരു പുരുഷനെയും ഒരു വനിതയെയും എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കും. ഇവർക്ക് ഡിസംബറിലെ പ്രധാന തിരഞ്ഞെടുപ്പിൽ ഐഒഎ അധ്യക്ഷസ്ഥാനം ഉൾപ്പെടെയുള്ള പദവികളിലേക്ക് മത്സരിക്കാനും അവസരമുണ്ടാകും. അതേസമയം, പുരുഷ വിഭാഗത്തിലെ നാല് പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഷൂട്ടിങ് താരം ഗഗൻ നാരംഗ്, ബോക്സിങ് താരം വിജേന്ദർ സിങ്, ഗുസ്തി താരം യോഗേശ്വർ ദത്ത്, ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് ജനറൽ കൗൺസിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.