ബെംഗളൂരു ഇന്റർനാഷണൽ സെന്ററിൽ കർണാടകയുടെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തി ‘കൃഷ്ണ ടു കാവേരി’ സാംസ്കാരികോത്സവം. അസിം പ്രേംജി സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്സവം നവംബർ 8 വരെ തുടരും.
പരമ്പരാഗതവും ആധുനികവുമായ കലാരൂപങ്ങൾ, നാടൻ കലകൾ, കരകൗശല വസ്തുക്കൾ, കഥകൾ എന്നിവയിലൂടെ കർണാടകയുടെ വൈവിധ്യമാർന്ന സംസ്കാരം അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കലാകാരന്മാർ, സംഗീതജ്ഞർ, നർത്തകർ, കരകൗശല വിദഗ്ധർ തുടങ്ങി നിരവധി പേർ ഉത്സവത്തിൻ്റെ ഭാഗമായി.
സുരാഘവി ഫൗണ്ടേഷനിലെ വിദ്യാർഥികൾ കർണാടക സംസ്ഥാന ഗാനം അവതരിപ്പിച്ചാണ് പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് നെലദവ്വ കലാകേന്ദ്രയുടെ നേതൃത്വത്തിൽ കരഗ കൊലാട്ട നാടോടിനൃത്തവും അരങ്ങേറി. ഉസ്താദ് ഫയാസ് ഖാൻ, സർഫറാസ് ഖാൻ, വിഘ്നേഷ് കാമത്ത് എന്നിവർ അവതരിപ്പിച്ച സംഗീതപരിപാടിയും ഗായിക സംഗീത കട്ടി കുൽക്കർണിയുടെ ഭാവഗീതെ അവതരണവും ശ്രദ്ധേയമായി.
നാടോടി കലാകാരി രുദ്രാക്ഷി ബായി ലംബാണി നൃത്തശിൽപശാലയ്ക്ക് നേതൃത്വം നൽകി. പരമ്പരാഗത പാവക്കൂത്ത് ‘നരകാസുര വധേ’, രാഘവേന്ദ്ര ആചാര്യയുടെ സ്റ്റാൻഡ്-അപ്പ് പരിപാടി എന്നിവയും അരങ്ങേറി.
കുട്ടികൾക്കായി ഒരുക്കിയ വിവിധ വിനോദ-പഠന പരിപാടികൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘ക്രാക്ക് ദ കേസ്’ എന്ന നിഗൂഢത പരിഹരിക്കുന്ന കളി, മൺചിരാത് നിർമാണ ശിൽപശാല, കന്നഡ ക്വിസ് ‘സുട്ട മുട്ട ഗൊട്ട?’ എന്നിവ കുട്ടികളെ ആകർഷിച്ചു. മിക്സഡ് മീഡിയ ആർട്ട് ശിൽപശാലകളും സംഘടിപ്പിച്ചു.
ആറാം ക്ലാസ് വിദ്യാർഥിനിയായ 11 വയസ്സുകാരി എലിസബത്ത് എ. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം കളിക്കുന്ന കളികൾ സുഹൃത്തുക്കളോടൊപ്പം ഇവിടെ കളിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയെന്നും സാധാരണ സ്കൂൾ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നെന്നും പറഞ്ഞു.
നവംബർ 8 വരെ തുടരുന്ന ഉത്സവം കർണാടകയുടെ സാംസ്കാരിക വൈവിധ്യം അടുത്തറിയാനുള്ള വേദിയായി മാറുകയാണ്