മനുഷ്യസ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും സേവനത്തിൻ്റെയും മഹത്തായ മാതൃകയാണ് മാതാ അമൃതാനന്ദമയിയെന്നും സമൂഹത്തിൻ്റെ നന്മയ്ക്കായി മഠം നടത്തുന്ന സേവനപദ്ധതികൾ ഏറെ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ജ്ഞാനഭാരതി രണ്ടാം ഘട്ടത്തിലുള്ള അമൃത ആശ്രമത്തിലെ ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച വാർഷിക മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് സ്നേഹവും സാഹോദര്യവും മനുഷ്യസേവനവും നിലനിർത്തുന്നതിൽ ആത്മീയാചാര്യന്മാർ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാ അമൃതാനന്ദമയി തൻ്റെ ജീവിതം തന്നെ മനുഷ്യസേവനത്തിനും സമൂഹത്തിൻ്റെ ക്ഷേമത്തിനുമായി സമർപ്പിച്ചിരിക്കുകയാണ്. ഇത്തരം സേവനപ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കണമെന്നും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്നും മാതാ അമൃതാനന്ദമയി സന്ദേശം നൽകി.
ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ മേഖലകളിൽ മഠം നടത്തുന്ന പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. കൊച്ചിയിലെ അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അമൃതശ്രീ പദ്ധതിയിലെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വിതരണം ചെയ്തു. സ്ത്രീകളെ സ്വയംതൊഴിലിലേക്കും കൂട്ടായ സംരംഭങ്ങളിലേക്കും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
എസ്.ടി. സോമശേഖർ എംഎൽഎ, വിപ്രോ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സഞ്ജീവ് ജെയിൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മഹോത്സവത്തിൻ്റെ ഭാഗമായി ഭജന, ധ്യാനം, സത്സംഗം, മാതാ അമൃതാനന്ദമയിയുടെ ദർശനം, വിശേഷാൽ പൂജകൾ തുടങ്ങിയ പരിപാടികൾ നടന്നു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു. രണ്ടുദിവസത്തെ മഹോത്സവം ഇന്ന് സ മാപിക്കും.