കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവംബർ 11 മുതൽ ഘട്ടംഘട്ടമായി മിക്സ്ഡ് മോഡ് റൺവേ പ്രവർത്തനം ആരംഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) അനുമതി ലഭിച്ചതിനെത്തുടർന്നാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. നവംബർ മൂന്നിനാണ് അനുമതി ലഭിച്ചതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിമാനത്താവളത്തിൻ്റെ മണിക്കൂറിലെ വിമാന കൈകാര്യം ചെയ്യൽ ശേഷി 60 എയർ ട്രാഫിക് മൂവ്മെന്റുകളിൽനിന്ന് (എടിഎം) 85–90 ആയി ഉയരും. ഇതോടെ ശേഷിയിൽ 45 ശതമാനത്തിലേറെ വർധനയുണ്ടാകും. വിമാനങ്ങളുടെ കാലതാമസം, ടാക്സിയിങ് സമയം, ഇന്ധന ഉപഭോഗം എന്നിവ കുറയ്ക്കാനും സാധിക്കും.
ആദ്യഘട്ടത്തിൽ വിമാനങ്ങളുടെ വരവിനും പുറപ്പെടലിനും പ്രധാനമായും ഉപയോഗിക്കുന്ന രണ്ട് റൺവേകളുടെ ചുമതല പരസ്പരം മാറ്റും. എന്നാൽ നിലവിലുള്ള വേർതിരിച്ചുള്ള പ്രവർത്തനരീതി തുടരും. രണ്ടാഴ്ചയ്ക്കുശേഷം രണ്ട് റൺവേകളിൽനിന്നും ഒരേസമയം വിമാനങ്ങൾ പുറപ്പെടാൻ അനുവദിക്കുന്ന സെമി മിക്സ്ഡ് മോഡിൻ്റെ പരീക്ഷണം ആരംഭിക്കും. തുടക്കത്തിൽ തിരഞ്ഞെടുത്ത ഏതാനും മണിക്കൂറുകളിൽ മാത്രമായിരിക്കും ഈ സംവിധാനം നടപ്പാക്കുക.
എയർ ട്രാഫിക് കൺട്രോളർമാർക്ക് പുതിയ നടപടിക്രമങ്ങളുമായി പരിചയപ്പെടാൻ സമയം നൽകുന്നതിനാണ് ഘട്ടംഘട്ടമായി മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കെഐഎ ജനറൽ മാനേജർ (എടിഎം) ജി. സംഭത് കുമാർ പറഞ്ഞു. പരിശീലനം പൂർത്തിയാകുന്നതനുസരിച്ച് ഒരേസമയം വിമാനങ്ങൾ പുറപ്പെടുന്ന സമയദൈർഘ്യം ക്രമേണ വർധിപ്പിക്കും.
അടുത്തഘട്ടത്തിൽ രണ്ട് റൺവേകളും ഒരേസമയം വിമാനങ്ങളുടെ ലാൻഡിങ്ങിനായി ഉപയോഗിക്കുന്ന സെഗ്രിഗേറ്റഡ് അറൈവൽ സംവിധാനത്തിൻ്റെ പരീക്ഷണം നടത്തും. 2027 ജനുവരിയിൽ ആരംഭിക്കാൻ സാധ്യതയുള്ള ഈ ഘട്ടത്തിലും ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ തമ്മിലുള്ള നിലവിലെ നാല് നോട്ടിക്കൽ മൈൽ അകലം നിലനിർത്തും. ഇതിലൂടെ റൺവേകളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനും വിമാനങ്ങളുടെ കാത്തിരിപ്പ്, ടാക്സിയിങ് സമയം എന്നിവ കുറയ്ക്കാനും കഴിയും.
പരീക്ഷണങ്ങളും സുരക്ഷാ വിലയിരുത്തലുകളും പൂർത്തിയാക്കിയശേഷം ഡിജിസിഎയുടെ അനുമതിയോടെയായിരിക്കും മിക്സ്ഡ് മോഡ് സംവിധാനം പൂർണമായി നടപ്പാക്കുക. വിമാനങ്ങളുടെ വരവും പുറപ്പെടലും ക്രമീകരിക്കുന്നതിൽ എയർ ട്രാഫിക് കൺട്രോളർമാർക്ക് കൂടുതൽ സൗകര്യം ലഭിക്കുന്നതിനൊപ്പം പുറപ്പെടാൻ കാത്തുകിടക്കുന്ന വിമാനങ്ങളുടെ നിരയും ആകാശത്ത് ലാൻഡിങ്ങിനായി കാത്തുനിൽക്കുന്ന വിമാനങ്ങളുടെ എണ്ണവും കുറയും. വിമാന സർവീസുകളുടെ സമയനിഷ്ഠ മെച്ചപ്പെടുത്താനും ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, രണ്ട് റൺവേകളും കൂടുതൽ സ്വതന്ത്രമായി വിമാനങ്ങളുടെ വരവിനായി ഉപയോഗിക്കാൻ അനുവദിക്കുന്ന ഇൻഡിപെൻഡന്റ് അറൈവൽ സംവിധാനം നടപ്പാക്കാൻ ഒരു വർഷത്തിലേറെ വേണ്ടിവന്നേക്കും. ഇതിനായി അധിക അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും ആവശ്യമായതിനാലാണ് കാലതാമസമെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.