കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 270 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ. നിർമാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.

കെട്ടിടത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.

2026 ഫെബ്രുവരി 16നാണ് കഴിഞ്ഞ സർക്കാർ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽത്തന്നെ കെട്ടിടത്തിലെ സീലിങ് പലതവണ തകർന്നുവീണു. സീലിങ് തകർച്ചയ്ക്കു പുറമെ സിവിൽ, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ കണ്ടെത്തിയിട്ടുണ്ട്.

നിർമാണം സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ നടത്തിയതെന്നും ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും മേൽനോട്ടവും ഉണ്ടായിരുന്നോ എന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Related Posts