ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ദേശീയ ടീമിൽ ഇടംപിടിച്ചു. യുഇഎഫ്എ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് താരത്തെ തിരഞ്ഞെടുത്തത്. ആദ്യമായാണ് ജൂനിയർ അണ്ടർ 17 ടീമിൽ ഇടംനേടുന്നത്.
പോർച്ചുഗലിൽ ‘ക്രിസ്റ്റ്യാനീഞ്ഞോ’ എന്നറിയപ്പെടുന്ന താരം നിലവിൽ സൗദി ക്ലബ്ബായ അൽ നാസറിൻ്റെ അണ്ടർ 16 ടീമിലാണ് കളിക്കുന്നത്. അച്ഛൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നാസറിനുവേണ്ടിയാണ് കളിക്കുന്നത്. നേരത്തെ പോർച്ചുഗലിൻ്റെ അണ്ടർ 15, അണ്ടർ 16 ടീമുകളിലും ജൂനിയർ കളിച്ചിട്ടുണ്ട്.
നവംബറിൽ ഓയിറസിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗൽ മൂന്ന് ടീമുകളെ നേരിടും. നവംബർ 11ന് അൻഡോറയ്ക്കെതിരെയാണ് ആദ്യ മത്സരം. നവംബർ 14ന് ബൾഗേറിയയെയും 17ന് സെർബിയയെയും നേരിടും.
2010 ജൂൺ 17ന് അമേരിക്കയിലെ കാലിഫോർണിയയിലെ സാൻ ഡിയേഗോയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിൻ്റെ ജനനം. അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത മകനാണ്. അമേരിക്കയിൽ ജനിച്ചെങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കാനാണ് ജൂനിയറിൻ്റെ തീരുമാനം.
യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുടെ അക്കാദമികളിലൂടെയാണ് താരം ഫുട്ബോൾ പരിശീലനം ആരംഭിച്ചത്. 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കൗമാര ടീമിൽ ചേർന്ന ജൂനിയർ 2023 മുതൽ അൽ നാസറിൻ്റെ അക്കാദമിയിലാണ്. പ്രധാനമായും ഫോർവേഡ് പൊസിഷനിലാണ് കളിക്കുന്നത്. കളിശൈലിയിലും പൊസിഷനിലും പിതാവിൻ്റെ ആദ്യകാല ഫുട്ബോൾ ജീവിതവുമായി സാമ്യമുള്ളതായാണ് വിലയിരുത്തൽ.
2025 മേയിലാണ് ആദ്യമായി പോർച്ചുഗൽ അണ്ടർ 15 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർക്കോവിച്ച് അന്താരാഷ്ട്ര ടൂർണമെന്റിൻ്റെ ഫൈനലിൽ ആതിഥേയർക്കെതിരെ രണ്ട് ഗോളുകൾ നേടി ശ്രദ്ധേയനായി.
പിന്നീട് അണ്ടർ 16 ടീമിലെത്തിയ താരം ഒൻപത് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി. അണ്ടർ 15, അണ്ടർ 16 വിഭാഗങ്ങളിലായി ആകെ 13 മത്സരങ്ങളിൽ അഞ്ച് ഗോളുകളാണ് സമ്പാദ്യം. 2026-27 സീസണിൽ അൽ നാസർ അണ്ടർ 16 ടീമിനായി ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.