ബെംഗളൂരുവിലെ ഐടി പാർക്കുകളിലും സ്വകാര്യ കമ്പനികളിലും സന്ദർശനം നടത്തി കന്നഡിഗർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക രക്ഷണ വേദിക (കെആർവി) പ്രവർത്തകർ. സംസ്ഥാന പ്രസിഡണ്ട് ടി.എ.നാരായണ ഗൗഡയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് ആരംഭിച്ച ഒരു മാസം നീളുന്ന സംസ്ഥാനതല പ്രചാരണത്തിൻ്റെ ഭാഗമായാണ് കമ്പനികളിലെത്തുന്നത്.

കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി വിവിധ സംഘങ്ങളായി തിരിഞ്ഞ പ്രവർത്തകർ ഐടി കമ്പനികളുടെ മാനേജ്‌മെന്റുകൾക്ക് നിവേദനങ്ങൾ കൈമാറുന്നുണ്ട്.

കമ്പനികൾ നേരിട്ട് സന്ദർശിക്കരുതെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കന്നഡ അനുകൂല സംഘടനകളോട് അഭ്യർഥിച്ചിരുന്നെങ്കിലും പ്രചാരണം തുടരുകയാണ്. ഐടി-ബിടി കമ്പനികളിലേക്ക് നേരിട്ട് പോയി പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

തിങ്കളാഴ്ച ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളിലാണ് കെആർവി സംഘങ്ങൾ എത്തിയത്. അലിആസ്കർ റോഡിലെ സഫീന ടവറിലുള്ള എക്സിക്യൂട്ടീവ് സെന്റർ ഇന്ത്യ ലിമിറ്റഡിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അബിഗെരെ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം നിവേദനം നൽകി. മഗഡി റോഡിലെ ക്വാളിറ്റി ഇവാല്യൂഷൻസിലും കെ.ആർ. പുരം ബി. നാരായണപുരയിലെ ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസസിലും (HPE) സംഘടനയുടെ പ്രതിനിധികൾ നിവേദനങ്ങൾ സമർപ്പിച്ചു.

നേരത്തെ സി.വി. രാമൻ നഗറിലെ ബാഗ്മാനെ ടെക് പാർക്കിലും സംഘം സന്ദർശനം നടത്തിയിരുന്നു. ടെക് പാർക്ക് പ്രതിനിധി നിവേദനം സ്വീകരിക്കുകയും ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തതായി സംഘടന അറിയിച്ചു.

കമ്പനികളിലെ ആകെ ജീവനക്കാരുടെ എണ്ണം, അതിൽ കർണാടകയിൽ നിന്നുള്ളവരുടെ അനുപാതം, കഴിഞ്ഞ മൂന്ന് വർഷത്തെ നിയമന വിവരങ്ങൾ, റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങൾ എന്നിവയാണ് സംഘടന പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. യോഗ്യതയുള്ള തദ്ദേശീയർക്ക് ജോലി ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിവരങ്ങളും തേടിയിട്ടുണ്ട്.

നിയമനത്തിലെ വിവേചനം സംബന്ധിച്ച പരാതികൾ പരിഹരിക്കുക, കർണാടകയിലെ യുവാക്കൾക്കായി നൈപുണ്യ വികസന പരിശീലനങ്ങളും ഇന്റേൺഷിപ്പ് അവസരങ്ങളും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

കമ്പനികളെ ലക്ഷ്യമിടുകയല്ല, മറിച്ച് തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും പരാതികൾ പരിഹരിക്കുകയുമാണ് പ്രചാരണത്തിൻ്റെ ലക്ഷ്യമെന്നാണ് കെആർവിയുടെ വിശദീകരണം. ഒരു മാസം നീളുന്ന ക്യാമ്പയിനിലൂടെ ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട കമ്പനികളുടെയും സംസ്ഥാന സർക്കാരിൻ്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Related Posts