സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കർണാടകയിലെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജ ഒളിക്യാമറ ഓപ്പറേഷനിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്കും അന്വേഷണം നീളുന്നു. വ്യാജ ആരോപണ വീഡിയോ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കുമാരസ്വാമിയുടെ വസതിയിൽ കൈമാറിയെന്നാണ് അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെയുടെ മൊഴി.
ഡൽഹിയിലെ കരോൾബാഗിൽനിന്ന് വാങ്ങിയ ഫോൺ കുമാരസ്വാമിയുടെ സോഷ്യൽ മീഡിയ ടീം അംഗം പ്രജ്വൽ പ്രസാദിൻ്റെ നിർദേശപ്രകാരം കൈമാറിയെന്നാണ് റിതേഷ് മൊഴി നൽകിയതെന്ന് റിപ്പോർട്ട്. പ്രജ്വൽ പ്രസാദിനെയും റിതേഷിൻ്റെ സുഹൃത്ത് വിനോദ് ശർമയെയും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
റിതേഷിൻ്റെ മൊഴി പരിശോധിച്ചുവരികയാണെന്ന് ബെംഗളൂരു പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. സാമ്പത്തിക ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഒളിക്യാമറ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ വർഷം സിദ്ധരാമയ്യക്കെതിരെ പ്രചരിച്ച ലൈംഗിക ആരോപണ വീഡിയോ വ്യാജമാണെന്നും ഗൂഢലക്ഷ്യത്തോടെ നിർമിച്ചതാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് മുൻ കെപിസിസി ജനറൽ സെക്രട്ടറി കൃപ ആൽവയെ ആറു വർഷത്തേക്ക് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.