തൊദൽനുടി കുട്ടികളുടെ സാഹിത്യ മാസികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 13-ാമത് കന്നഡ രാജ്യോത്സവാഘോഷം വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ പ്രൗഢഗംഭീരമായി നടന്നു. ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല കന്നഡ കവിതാപാരായണ മത്സരത്തിൻ്റെ ഫൈനൽ റൗണ്ടും വിജയകരമായി പൂർത്തിയായി.

അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൻ്റെ ഫൈനൽ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 20 മത്സരാർത്ഥികൾ പങ്കെടുത്തു. നഴ്സറി കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവർ കന്നഡ കവിതകൾ മനോഹരമായി അവതരിപ്പിച്ച് സദസ്സിൻ്റെ കൈയടി നേടി.

ഡോ.സുഷമ ശങ്കറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കന്നഡ ചലച്ചിത്ര നടൻ എം.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എ.ബി.ബസവരാജ്, ആർ.ശ്രീനിവാസ് എന്നിവർ മുഖ്യാതിഥികളായി. പ്രൊഫ. രാകേഷ് സ്വാഗതം ആശംസിച്ചു. റെബിൻ രവീന്ദ്രൻ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

വൈറ്റ്ഫീൽഡ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശാഖാ മാനേജർ ഷമീലിൻ്റെയും സംഘത്തിൻ്റെയും സഹകരണവും പ്രോത്സാഹനവും പരിപാടിക്ക് ലഭിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

ജന്മം നൽകിയ മലയാളമണ്ണിനും അന്നം നൽകിയ കന്നഡ മണ്ണിനും നന്ദി പറഞ്ഞുകൊണ്ടുള്ള അധ്യക്ഷയുടെ പ്രസംഗം ശ്രദ്ധേയമായി. കേരളപ്പിറവി ആശംസകൾ സ്വന്തം മാതൃഭാഷയായ മലയാളത്തിൽ നേർന്നുകൊണ്ട് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ ഡോ. സുഷമ ശങ്കർ മലയാളത്തിൻ്റെ മാധുര്യവും ആഘോഷത്തിൽ പങ്കുവെച്ചു.

കന്നഡ ഭാഷയോടും സാഹിത്യത്തോടും സംസ്കാരത്തോടും കുട്ടികളിലും യുവതലമുറയിലും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ മത്സരാർത്ഥികൾ, രക്ഷിതാക്കൾ, കന്നഡ ഭാഷാസ്നേഹികൾ എന്നിവർ ആവേശപൂർവം പങ്കെടുത്തു. തൊദൽനുടിയുടെ 13 വർഷത്തെ സാഹിത്യസേവനത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ആഘോഷം മാറി.

Related Posts