മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിൻ്റെ (എസ്ഐടി) കണ്ടെത്തൽ. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എസ്ഐടി തലവൻ യു. പ്രേമൻ ഡിജിപിക്ക് കൈമാറി. കെഎസ്‌യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നും റെയിൽവേ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവസമയത്ത് കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നത് നേരിട്ട് കണ്ടെന്നായിരുന്നു ഗൺമാൻ അഭിലാഷ് ആദ്യ അന്വേഷണസംഘത്തിന് നൽകിയ മൊഴി. എന്നാൽ പിന്നീട് മൊഴി മാറ്റിയ ഗൺമാൻ, ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് അത്തരമൊരു മൊഴി നൽകിയതെന്നും വ്യക്തമാക്കിയിരുന്നു. മൊഴിമാറ്റിയ ഗൺമാനെതിരെ നടപടി സ്വീകരിക്കണമോയെന്ന കാര്യത്തിൽ ഡിജിപിക്ക് തീരുമാനമെടുക്കാമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റെന്ന പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുക്കുകയായിരുന്നു.
എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. എസ്ഐടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസിൽ തുടർനടപടികൾ എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.