വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആർ (Special Intensive Revision) നടപടിക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് ഡൽഹിയിൽ നടക്കും. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ്–കൊണാട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യത്തിലാണ് പ്രതിഷേധ പരിപാടി.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ 21 പാർട്ടികളുടെ നേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളും പ്രവർത്തകരും ഇതിനകം ഡൽഹിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽനിന്ന് നേതാക്കൾ തുറന്ന ബസുകളിൽ റാലിയുടെ തുടക്കസ്ഥലത്തേക്ക് എത്തും.
റാലിയിൽ പത്തുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. എന്നാൽ ഏകദേശം 50,000 പേർ പങ്കെടുക്കുമെന്നാണ് ഡൽഹി പൊലീസിന്റെ കണക്കുകൂട്ടൽ. 4,000ത്തിലധികം പൊലീസുകാരെയും കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിക്കും. 200ലധികം സിസിടിവി ക്യാമറകളും ഡ്രോണുകളും നിരീക്ഷണത്തിനുണ്ടാകും.
അതിനിടെ, മഴയെ തുടർന്ന് രാംലീല മൈതാനിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പരിപാടിക്കായുള്ള വേദിയൊരുക്കലും നനഞ്ഞ മണ്ണിൽ തുണികൾ വിരിക്കുന്നതടക്കമുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്.
രാംലീല മൈതാനിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടിക്ക് അനുമതി. വൈകിട്ട് അഞ്ചിന് സമ്മേളനം അവസാനിപ്പിച്ച് ആളുകൾ മടങ്ങിത്തുടങ്ങണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.