നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ മൊബൈൽ ഫോണിൽ അനുവാദമില്ലാതെ രഹസ്യമായി ചിത്രീകരിച്ചെന്ന പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തു. വൈറ്റ്ഫീൽഡ്–കടുഗോഡി മേഖലയിലെ മെട്രോ സ്റ്റേഷനിലുണ്ടായ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തന്നെ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് യുവതി ആരോപിച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്യുകയും ഫോൺ തുറന്ന് ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മെട്രോ സുരക്ഷാ ജീവനക്കാരുടെ സഹായം തേടുന്നതിനിടെ ഇയാൾ ഫോൺ തിരികെ വാങ്ങി കടന്നുകളഞ്ഞെന്നാണ് യുവതിയുടെ പരാതി. സംഭവത്തെക്കുറിച്ച് ആദ്യം മെട്രോ അധികൃതരെ സമീപിച്ച യുവതി പിന്നീട് പൊലീസിലും പരാതി നൽകി.

കടുഗോഡി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

Related Posts