കർണാടകത്തിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ (SIR) ഭാഗമായി അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം ഏകദേശം 4.54 കോടിയായിരിക്കുമെന്നാണ് റിപ്പോർട്ട്. പരിഷ്കരണ നടപടികൾ ആരംഭിക്കുമ്പോൾ 5.54 കോടി വോട്ടർമാരുണ്ടായിരുന്ന സംസ്ഥാനത്ത് ഒരു കോടിയിലേറെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
കരട് പട്ടികയിൽനിന്ന് ഒഴിവാക്കിയ പേരുകൾ തിരിച്ചുപിടിക്കുന്നതിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ്. താമസം മാറിയവർ, വിലാസത്തിൽ കണ്ടെത്താനാകാത്തവർ തുടങ്ങിയ വിഭാഗങ്ങളിലായി 80.62 ലക്ഷം പേരുകളാണ് ഒഴിവാക്കിയത്. ഇവരെല്ലാം അനർഹരായ വോട്ടർമാരാണെന്ന് ഇതിലൂടെ അർഥമാക്കുന്നില്ല.
പരിഷ്കരണത്തിൻ്റെ ഭാഗമായി 43.82 ലക്ഷത്തിലേറെ വോട്ടർമാർക്ക് നോട്ടീസ് നൽകിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട ഹിയറിങ്ങുകൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാലും അർഹരായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും വിവരങ്ങൾ തിരുത്തുന്നതിനുമുള്ള നടപടികൾ തുടരാം.