നടൻ ധനുഷ് ആരാധക സംഘടനയുടെ വനിതാ വിഭാഗം പ്രവർത്തകർക്ക് ദീപാവലി സമ്മാനമായി നൽകിയ വെള്ളിവിളക്കുകളിൽ താമര ചിഹ്നം കണ്ടതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായി. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വിളക്കുകളിൽ പതിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ, വിളക്കിലെ താമര നിർമാതാക്കൾ പതിപ്പിച്ച അടയാളം മാത്രമാണെന്നും അതിന് രാഷ്ട്രീയ ബന്ധമില്ലെന്നും ധനുഷിന്റെ നർപ്പണി ഇയക്കം ഭാരവാഹികൾ വിശദീകരിച്ചതായി റിപ്പോർട്ടുണ്ട്.

ചെന്നൈയിലെ സെമ്മഞ്ചേരിക്ക് സമീപമുള്ള സ്വകാര്യ കോളജിൽ ഞായറാഴ്ച നടന്ന വനിതാ വിഭാഗം പ്രവർത്തകരുടെ സംഗമത്തിൽ 2,500ലധികം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുത്ത ധനുഷ് വെള്ളിവിളക്കുകൾ സമ്മാനമായി നൽകി. ചടങ്ങിൽ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല.

ധനുഷ് രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സംഭവം ശ്രദ്ധ നേടിയത്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മണിക്കം ടാഗോർ, ബിജെപി സിനിമാതാരത്തെ ഉപയോഗിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. എന്നാൽ ധനുഷ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Related Posts