ടെലിവിഷൻ പാചകപരിപാടികളിലൂടെ ശ്രദ്ധേയനായ പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമു എന്ന ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ അദ്ദേഹം 617 വിഭവങ്ങൾ തയ്യാറാക്കിയാണ് റെക്കോർഡ് സ്ഥാപിച്ചത്.
2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. വിജയ് ടിവിയിലെ ജനപ്രിയ പാചക റിയാലിറ്റി ഷോയായ ‘കുക്ക് വിത്ത് കോമാളി’യിൽ വിധികർത്താവായും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
തമിഴ്നാടിൻ്റെ പരമ്പരാഗത വിഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിചയപ്പെടുത്തുന്നതിലും അവയ്ക്ക് ജനപ്രീതി നേടിക്കൊടുക്കുന്നതിലും ഷെഫ് ദാമു നിർണായക പങ്കുവഹിച്ചു. നിരവധി പാചകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തമിഴ്നാട് വിനോദസഞ്ചാര വകുപ്പിനൊപ്പം 1977ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ഭാര്യ: ഉഷ ദാമു. മകൾ: അക്ഷയ.