ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകളിലെ തർക്കം പരിഹരിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. സമാജ്‌വാദി പാർട്ടിയുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും ഇരുപാർട്ടികളും തമ്മിലുള്ള പരസ്യവാക്പോര് ഒഴിവാക്കണമെന്നും സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് പ്രിയങ്ക നിർദേശം നൽകി. സഖ്യചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും അഖിലേഷ് യാദവുമായി ചർച്ച നടത്തും.

403 നിയമസഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 180 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ പരമാവധി 60 സീറ്റുകൾ നൽകാമെന്ന നിലപാടിലാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കൂടുതൽ സീറ്റുകൾ വേണമെങ്കിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പട്ടിക നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വോട്ടുവിഹിതം 2.3 ശതമാനമായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ വിജയിക്കാനായതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കോൺഗ്രസ് തയ്യാറായത്.

പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്ര ഉൾപ്പെടെയുള്ള നേതാക്കളുമായി പ്രിയങ്ക ഗാന്ധി സ്വന്തം വസതിയിൽ യോഗം ചേർന്നു. സീറ്റ് വിഭജനത്തിന് പകരം വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പട്ടിക ആവശ്യപ്പെടുന്ന അഖിലേഷ് യാദവിൻ്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വാദം. സമാജ്‌വാദി പാർട്ടിയുമായി ധാരണയിലെത്താനായില്ലെങ്കിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി ചർച്ച നടത്തണമെന്ന അഭിപ്രായവും ചില നേതാക്കൾ മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടി വാർ റൂമുകളുടെ ചുമതലക്കാരെയും എഐസിസി നിശ്ചയിച്ചു. പഞ്ചാബിന്റെ ചുമതല മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് നൽകി. ഉത്തർപ്രദേശിൻ്റെ ചുമതല സച്ചിൻ യാദവിനാണ്.

Related Posts