പട്ടം പറത്താൻ ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന വിദ്യ മഞ്ജുനാഥ് ഗൗഡർ (38) ആണ് മരിച്ചത്.

വീട്ടിൽനിന്ന് ലാബിലേക്ക് മടങ്ങുന്നതിനിടെ സിദ്ധാരൂഢ മഠത്തിന് സമീപമായിരുന്നു അപകടം. ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴുത്തിൽ മാഞ്ച നൂൽ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹുബ്ബള്ളിയിലെ കിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മിഷണർ ഭൂഷൺ ബൊറാസെ ആശുപത്രിയിലെത്തി മൃതദേഹം പരിശോധിക്കുകയും ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മാഞ്ച നൂൽ ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്തി ക്രിമിനൽ കേസെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഒരു മാസത്തിനിടെ ഹുബ്ബള്ളിയിൽ മാഞ്ച നൂൽ കുരുങ്ങിയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. ഓൾഡ് ഹുബ്ബള്ളി, ബാങ്കാപുർ ചൗക്ക് മേഖലകളിലുണ്ടായ മറ്റ് രണ്ട് സംഭവങ്ങളിലായി മൂന്നുപേർക്ക് പരുക്കേറ്റിരുന്നു.

മാഞ്ച നൂലിൻ്റെ ഉപയോഗവും വിൽപ്പനയും തടയാൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈദ്യുതക്കമ്പികളിൽ കുടുങ്ങിയ നൂൽ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം നീക്കം ചെയ്യാതെ 112 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ അറിയിക്കണം. നൂൽ നീക്കം ചെയ്യുന്നതിനായി പ്രത്യേക സംഘത്തെയും പൊലീസ് രൂപീകരിച്ചിട്ടുണ്ട്. മാഞ്ച നൂൽ ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കും പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും പൊലീസ് കമ്മിഷണർ മുന്നറിയിപ്പ് നൽകി.

Related Posts