കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും തന്നെയും ലക്ഷ്യമിട്ട് മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തന്നെ കാണാനെത്തിയ ഒരു വ്യവസായി രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന പ്രത്യേക കണ്ണട ധരിച്ചിരുന്നുവെന്നാണ് ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

കോൺഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണിതെന്നും ബിജെപി–എൻഡിഎ നേതാക്കളെ സന്ദർശിച്ചപ്പോൾ വ്യവസായി ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് ഇയാൾ തന്നെ കാണാനെത്തിയത്. ആദ്യം ബിസിനസ് കാര്യങ്ങൾ സംസാരിച്ച സന്ദർശകൻ പിന്നീട് രാഷ്ട്രീയ വിഷയങ്ങളിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും സംഭാഷണം മാറ്റിയതോടെയാണ് കണ്ണടയിൽ സംശയം തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് സന്ദർശകൻ്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ശിവകുമാർ വ്യക്തമാക്കി. വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയിലും ഇയാൾ ഇതേ കണ്ണട ധരിച്ചിരുന്നതായി വിവരം ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരെ കണ്ടപ്പോൾ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു.

കോൺഗ്രസ് നേതാക്കളെ കുടുക്കാനുള്ള വലിയൊരു രഹസ്യ നീക്കത്തിൻ്റെ ഭാഗമായിരിക്കാം ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പേഴ്സണൽ അസിസ്റ്റന്റുമാർ വഴിയും അജ്ഞാത ഫോൺ കോളുകൾ വഴിയും നേതാക്കളെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സഹപ്രവർത്തകരോടും മറ്റ് നേതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ആരോപണവിധേയനായ വ്യവസായിയുടെ പേര് ശിവകുമാർ വെളിപ്പെടുത്തിയിട്ടില്ല. രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ ശ്രമം നടന്നെന്ന ആരോപണത്തിന് തെളിവുകളും അദ്ദേഹം പരസ്യമായി പുറത്തുവിട്ടിട്ടില്ല. സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട ഒളിക്യാമറ ദൃശ്യങ്ങളെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് ശിവകുമാറിൻ്റെ പുതിയ വെളിപ്പെടുത്തൽ.

Related Posts