കേന്ദ്രസർക്കാരിൻ്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. സർക്കാരിൻ്റെ ഭരണപരമായ വീഴ്ചകൾ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി ചിത്രീകരിക്കുന്ന ബിജെപിയുടെ പ്രവണത അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ പ്രതികരണം.
സി.ജെ.പിയുടെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി അണ്ണാമലൈ വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതിനു പകരം അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധങ്ങൾക്കുള്ള വേദികളുടെ പട്ടികയിൽനിന്ന് ഡൽഹിയിലെ ജന്തർ മന്തറിനെ ഒഴിവാക്കിയ നടപടിയെയും അദ്ദേഹം വിമർശിച്ചു.
ജൂൺ അഞ്ചിന് ബിജെപി വിട്ടതാണെന്നും പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണടച്ച് പിന്തുണയ്ക്കുന്നയാളല്ല താനെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
അതേസമയം, അണ്ണാമലൈയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടി വിട്ടശേഷം മുൻ നിലപാടുകളിൽനിന്ന് അണ്ണാമലൈ പിന്നോട്ടുപോകുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി ആരോപിച്ചു.