നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന ആറ് ഫ്ലൈഓവർ പദ്ധതികൾക്കായി വീണ്ടും ടെൻഡർ ക്ഷണിക്കാൻ നടപടി. ഏകദേശം 1,500 കോടി രൂപയുടെ പദ്ധതികളിൽ കരാർ നടപടികൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഗരവികസന വകുപ്പ് (യുഡിഡി) ബിഡുകൾ പുതുക്കാൻ നിർദേശിച്ചതിനെത്തുടർന്നാണ് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈൽ) വീണ്ടും ടെൻഡർ ക്ഷണിക്കുന്നത്.
കനകപുര റോഡിലെ കൊണനകുണ്ടെ ക്രോസ് ഫ്ലൈഓവർ, തുമക്കൂരു റോഡിലെ എംഇഐ ജങ്ഷനിലെ ഫ്ലൈഓവർ, പൈപ്പ്ലൈൻ റോഡിലെ ഗ്രേഡ് സെപ്പറേറ്റർ, ദൊഡ്ഡബല്ലാപുര റോഡിലെ കൊഗിലു ക്രോസിലെ എലിവേറ്റഡ് കോറിഡോർ, ഷോളേ സർക്കിളിൽനിന്ന് സെന്റ് ജോൺസ് ഹോസ്പിറ്റൽ റോഡിലേക്കുള്ള കോറിഡോർ, മിനർവ സർക്കിളിൽനിന്ന് ഹഡ്സൺ സർക്കിളിലേക്കുള്ള കോറിഡോർ എന്നിവയാണ് പദ്ധതികൾ.
ഏപ്രിലിൽ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച 11 പദ്ധതികളിൽ ഉൾപ്പെടുന്നവയാണിവ. അഞ്ച് നഗര കോർപ്പറേഷനുകളിലായി 75.60 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പാക്കുന്ന 11 പദ്ധതികൾക്ക് ആകെ 13,262 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലെ ഫ്ലൈഓവർ, സിർസി സർക്കിളിൽനിന്ന് നയണ്ടഹള്ളിയിലേക്കുള്ള 5.2 കിലോമീറ്റർ കോറിഡോർ, കനകപുര റോഡിലെ മറ്റൊരു ഫ്ലൈഓവർ എന്നിവയ്ക്കായി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ടെൻഡർ ക്ഷണിക്കാനും ബി-സ്മൈൽ നടപടി സ്വീകരിക്കുന്നുണ്ട്. അതേസമയം, രഗിഗുഡ്ഡ ജങ്ഷനിൽനിന്ന് കനകപുര മെയിൻ റോഡിലേക്കും യശ്വന്ത്പുരയിലെ മെത്തിക്കെരെ ക്രോസിൽനിന്ന് ഓൾഡ് മദ്രാസ് റോഡിലേക്കുമുള്ള ടോൾ ഈടാക്കുന്ന എലിവേറ്റഡ് കോറിഡോറുകളുടെ ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്.
പദ്ധതികളിൽ ചിലതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമാണ്. ഇന്ദിരാനഗർ ഫ്ലൈഓവർ ഉൾപ്പെടെയുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അടുത്തിടെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങളുടെ ആശങ്കകളും പരിഗണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.