നീലാകാശത്ത് കുങ്കുമം, വെള്ള, പച്ച നിറങ്ങളിൽ പുകവരകൾ തീർത്ത് സൂര്യകിരൺ എയറോബാറ്റിക് ടീമിൻ്റെ വിമാനങ്ങൾ പറന്നുയർന്നപ്പോൾ കാണികൾക്ക് ലഭിച്ചത് വിസ്മയക്കാഴ്ച. ഒൻപത് ഹോക്ക് എം.കെ. 132 വിമാനങ്ങൾ കൃത്യമായ ഏകോപനത്തോടെ ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും വില്ലനായതോടെ പത്തുമിനിറ്റിനുള്ളിൽ ഷോ അവസാനിപ്പിക്കേണ്ടിവന്നു.

പൈലറ്റുമാരുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് പ്രദർശനം നിർത്തിവച്ചത്. തിങ്കളാഴ്ച ഒൻപത് വിമാനങ്ങളെയും ഉൾപ്പെടുത്തി വീണ്ടും പ്രകടനം നടത്താനാണ് ടീമിൻ്റെ തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ കൂടുതൽ സാഹസികമായ ലൂപ്പ്, ബാരൽ അഭ്യാസങ്ങളും അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

1996-ൽ രൂപീകരിച്ച സൂര്യകിരൺ ടീം ഇന്ത്യയിലും വിദേശത്തുമായി നിരവധി വ്യോമപ്രദർശനങ്ങൾ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയെയും രാജ്യത്തെയും പ്രതിനിധീകരിച്ച് ഇതുവരെ 800-ലധികം പ്രകടനങ്ങളാണ് ടീം അവതരിപ്പിച്ചിട്ടുള്ളത്.

Related Posts