ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ എക്സൈസ് വകുപ്പിൻ്റെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണ് നിർദേശം. സംസ്ഥാനത്ത് ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ.

പഴങ്ങളിൽനിന്ന് നിർമിക്കുന്ന ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയത് സംസ്ഥാനത്തിൻ്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായാണ്. ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് വിൽപ്പനയ്ക്ക് തുടക്കമായത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിൽപ്പനയ്ക്ക് അനുമതി നൽകിയത്.

15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ പാനീയം ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. മദ്യവിൽപ്പനയുടെ നിയന്ത്രണങ്ങളും ലൈസൻസ് വ്യവസ്ഥകളും സംബന്ധിച്ചും ചർച്ചകൾ ശക്തമായി.

വിവാദം രൂക്ഷമായതോടെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽകുമാറിനെ സർക്കാർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പുതിയ മദ്യനയത്തിൽ ഹോർട്ടി വൈൻ വിൽപ്പന സംബന്ധിച്ച നിലപാട് വ്യക്തമാക്കിയശേഷം മാത്രമേ തുടർനടപടികളുണ്ടാകൂ എന്നാണ് നിലവിലെ തീരുമാനം.

Related Posts