‘ലഹരാ ദോ തിരംഗ’ പ്രതിഷേധ റാലിക്ക് മിനിറ്റുകൾ മാത്രം ശേഷിക്കെ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി പ്രതിഷേധം നടത്താനിരിക്കെയാണ് സ്വന്തം വസതിയിൽനിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ദീപ്കയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ച ദീപ്കയെ, നേരത്തേ മുംബൈയിൽനിന്ന് വിമാനമിറങ്ങിയ ഉടനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച സി.ജെ.പി നേതാക്കളെ തിഹാർ ജയിലിലടച്ച നടപടിക്കെതിരെയാണ് ഒക്ടോബർ 16ന് ദേശീയ പതാക ഉയർത്തി പ്രതിഷേധിക്കാൻ ദീപ്ക ആഹ്വാനം ചെയ്തത്. പ്രതിഷേധത്തിന് മുന്നോടിയായി പൊലീസ് നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.