പ്രധാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ രാത്രി ധർണ നടത്തിയ എൻഎസ്യുഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു നടപടി.
പ്രതിഷേധത്തിനിടെ പൊലീസ് മർദിച്ചെന്ന് ആരോപിക്കപ്പെടുന്ന ആതിര, ഋതു എന്നിവരും സമരത്തിലുണ്ടായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും ആതിര വ്യക്തമാക്കി. പിന്തുണയുമായെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളെ പൊലീസ് കൈയേറ്റം ചെയ്തെന്നും അവശയായ ആതിരയെ വലിച്ചിഴച്ചെന്നും ജെബി മേത്തർ എംപി ആരോപിച്ചു.